Thursday, 3 January 2013

മാധ്യമങ്ങളിലുടെ

സ്‌കൂള്‍ കലോത്സവം 
 
ഒപ്പനത്താളത്തില്‍ ചുവടുവച്ച് തലശ്ശേരി
Posted on: 05 Jan 2013



തലശ്ശേരി: മൈലാഞ്ചിയും തട്ടവുമണിഞ്ഞ് മൊഞ്ചത്തികള്‍ തിമര്‍ത്താടിയപ്പോള്‍ തലശ്ശേരി അക്ഷരാര്‍ഥത്തില്‍ ഒപ്പനയെ ഏറ്റുവാങ്ങി. മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വേദി മൂന്നില്‍ രാവിലെ ഒപ്പന ആരംഭിച്ചതുമുതല്‍ നിറഞ്ഞ സദസ്സായിരുന്നു. പ്രധാന മത്സരവേദികള്‍ പലതിലും കാണികളുടെ കുറവ് അനുഭവപ്പെട്ടപ്പോഴും മത്സരത്തിലെ മികവുകൊണ്ടും സദസ്സിന്റെ ഗരിമകൊണ്ടും ഒപ്പന ശ്രദ്ധേയമായി.

യു.പി. വിഭാഗത്തില്‍ യോഗ്യതനേടിയ പതിനഞ്ചില്‍ പതിനാല് ടീമുകളും മത്സരത്തിനെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പന്ത്രണ്ടും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പതിനഞ്ചും ടീമുകള്‍ മത്സരിച്ചു. വേഷത്തിലും ചുവടുകളിലും പുതുമ നിലനിര്‍ത്തി കൈമെയ് മറന്നാടിയപ്പോള്‍ രാത്രി വൈകിയും പ്രൗഢഗംഭീരമായ സദസ്സ് സാക്ഷ്യംവഹിച്ചു. വിധികര്‍ത്താക്കളും മത്സരത്തെ വാനോളം പുകഴ്ത്തി.
എല്ലാവര്‍ക്കും 'എ' ഗ്രേഡ്

എച്ച്.എസ്.എസ്. വിഭാഗം ഒപ്പനയില്‍ പങ്കെടുത്ത 12പേര്‍ക്കും എ ഗ്രേഡ്. ഒപ്പന നന്നായെന്ന് വിധികര്‍ത്താക്കള്‍. ഒപ്പം അഞ്ച് ഒപ്പന ഒന്നിനൊന്ന് മെച്ചപ്പെട്ടത്.

മത്സരത്തില്‍ കണ്ണൂര്‍ ദീനുല്‍ ഇസ്‌ലാം സഭ എച്ച്.എസ്.എസ്. ഒന്നാംസ്ഥാനം നേടി. തുടര്‍ച്ചയായ നാലാം തവണയാണ് സംസ്ഥാനതലത്തിലേക്ക് യോഗ്യതനേടുന്നത്.

'ശാമില്‍ തിജാറത്തില്‍ പോയൊരു കാഫില കൂട്ടമിലുണ്ടാനെ' എന്ന് തുടങ്ങുന്ന പാട്ടാണ് പാടിയത്.യു.പി. വിഭാഗത്തില്‍ രണ്ടെണ്ണം മികച്ചതായെന്ന് വിധികര്‍ത്താക്കള്‍. പക്കര്‍ പന്നൂര്‍, സി.ടി.മുഹമ്മദ്, കൊടുവള്ളി അബൂബക്കര്‍ എന്നിവരായിരുന്നു വിധകര്‍ത്താക്കള്‍.

കണ്ണൂര്‍ നോര്‍ത്തിന്റെ മുന്നേറ്റം 

Posted on: 05 Jan 2013



തലശ്ശേരി: കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ നോര്‍ത്ത് മുന്നേറ്റം തുടരുന്നു. രണ്ടാം ദിവസമായ വെള്ളിയാഴ്ച 96 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 121 പോയിന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി മുന്നിട്ടുനില്‍ക്കുകയാണ്. യു.പി. വിഭാഗത്തില്‍ 55 പോയിന്റുമായി പയ്യന്നൂര്‍ ഉപജില്ലയാണ് മുന്നില്‍. 51 പോയിന്റുമായി കണ്ണൂര്‍ നോര്‍ത്ത്, ചൊക്ലി എന്നിവ രണ്ടാം സ്ഥാനത്തും 49 പോയിന്റുമായി പാപ്പിനിശ്ശേരി മൂന്നാംസ്ഥാനത്തുമാണ്.

കലോത്സവത്തിന്റെ ആദ്യദിവസമായ വ്യാഴാഴ്ച കണ്ണൂര്‍ നോര്‍ത്തായിരുന്നു മുന്നില്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആദ്യദിനം രണ്ടാംസ്ഥാനത്തായിരുന്ന കണ്ണൂര്‍ സൗത്തിനെ പിന്‍തള്ളി പയ്യന്നൂര്‍ 111 പോയന്റോടെ രണ്ടാം സ്ഥാനത്തെത്തി. ആദ്യദിനം മൂന്നാം സ്ഥാനത്തായിരുന്ന തളിപ്പറമ്പ് നോര്‍ത്തിനെ പിന്‍തള്ളി മാടായി 96 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആദ്യദിനം രണ്ടാംസ്ഥാനത്തായിരുന്ന മാടായിയെ പിന്‍തള്ളി തളിപ്പറമ്പ് നോര്‍ത്ത് 111 പോയിന്റോടെ രണ്ടാംസ്ഥാനത്തെത്തി. 105 പോയിന്റുമായി ഇരിട്ടിയാണ് മൂന്നാം സ്ഥാനത്ത്.

യു.പി. സംസ്‌കൃതോത്സവത്തില്‍ പാനൂര്‍ 48 പോയിന്റുമായി ഒന്നാംസ്ഥാനത്താണ്. പയ്യന്നൂരും ഇരിട്ടിയും 46 പോയന്റ് വീതം നേടി രണ്ടാംസ്ഥാനത്താണ്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തലശ്ശേരി നോര്‍ത്തും കണ്ണൂര്‍ സൗത്തും 33 പോയിന്റോടെ മുന്നേറ്റം തുടരുകയാണ്. പാപ്പിനിശ്ശേരി 28 പോയിന്റ് നേടി.

യു.പി. അറബിക് സാഹിത്യോത്സവത്തില്‍ ഇരിക്കൂര്‍, ചൊക്ലി, മാടായി എന്നീ ഉപജില്ലകള്‍ 35 പോയിന്റ് വീതം നേടി. പാനൂര്‍, മട്ടന്നൂര്‍ എന്നിവ 33 പോയിന്റ് നേടി രണ്ടാംസ്ഥാനത്താണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ നോര്‍ത്ത്, പാനൂര്‍, പാപ്പിനിശ്ശേരി എന്നിവ 25 വീതം പോയിന്റ് നേടി. മാടായി 23 പോയിന്റ് നേടി.വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ഒരു വേദിയിലൊഴികെ മത്സരം പൂര്‍ത്തിയായി. വേദി മാറ്റിയ മോണോ ആക്ട് മത്സരം രാത്രി 10 മണിക്ക് ശേഷവും തുടരുകയാണ്.
 

ജില്ലാ സ്കൂള്‍ കലോത്സവം കണ്ണൂര്‍ നോര്‍ത്ത് മുന്നില്‍
Posted on: 04-Jan-2013 11:42 PM
തലശേരി: പൈതൃകകലകളും മാപ്പിളകലകളും നാടകവും അരങ്ങുണര്‍ത്തി രണ്ടാംനാളിന് തിരശ്ശീല. മനസുകളെ ഒന്നിപ്പിക്കുകയും മുറിവുകളില്‍ ലേപനം പുരട്ടുകയും ചെയ്യുന്ന കലയുടെ നന്മകള്‍ക്കൊപ്പമാണ് തലശേരിയുടെ സഞ്ചാരം. മനസുകളെ വിളക്കിച്ചേര്‍ക്കുന്ന കണ്ണിയായി കല മാറുന്നതിന്റെ ആഹ്ലാദകരമായ കാഴ്ചകള്‍ക്കാണ് സാംസ്കാരിക നഗരം സാക്ഷ്യം വഹിക്കുന്നത്. ജില്ലാ സ്കൂള്‍ കലോത്സവത്തിലെ രണ്ടാംദിനത്തെ മൈലാഞ്ചിച്ചോപ്പണിയിച്ചത് ഒപ്പനയാണ്. സ്റ്റേഡിയത്തില്‍ നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തിയാണ് യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ ഒപ്പന മത്സരം അരങ്ങേറിയത്. കേരളനടനത്തിന്റെ മുദ്രകള്‍ നിറഞ്ഞ ഒന്നാംവേദിയിലും നിറഞ്ഞ സദസ് സാക്ഷിയായി. ഓട്ടന്‍തുള്ളല്‍, പരിചമുട്ടുകളി തുടങ്ങിയ പൈതൃകകലകളിലും മോശമല്ലാത്ത പങ്കാളിത്തവും വാശിയേറിയ മത്സരവും ഇത്തവണത്തെ പ്രത്യേകതയായി. കുട്ടികളുടെ അരങ്ങ് പുതിയ പരീക്ഷണങ്ങള്‍ക്ക് വേദിയാകുന്നതിന് സാക്ഷ്യമായിരുന്നു സ്റ്റേഡിയത്തിലെ ഹൈസ്കൂള്‍ വിഭാഗം നാടകമത്സരം. നിരവധി സാമൂഹ്യപ്രശ്നങ്ങളാണ് കുട്ടികളുടെ നാടകം ജനസമക്ഷം അവതരിപ്പിച്ചത്. രാവിലെ ആരംഭിച്ച നാടകമത്സരം രാത്രി എട്ടുമണിവരെ നീണ്ടു. മോണോആക്ട് മത്സരത്തില്‍ ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ മരണവും സദാചാര പൊലീസും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ നിറഞ്ഞുവെങ്കിലും അവതരണം പതിവ് ചിട്ടവട്ടങ്ങളില്‍ ഒതുങ്ങി. കാണികള്‍ ഏറെയുണ്ടായിരുന്ന മിമിക്രി മത്സരവും പതിവ് പരിമിതവൃത്തത്തില്‍നിന്ന് വല്ലപ്പോഴുമാണ് പുറത്തുവന്നത്. മോണോആക്ട് മത്സരവേദി അസൗകര്യങ്ങളെക്കുറിച്ച് പരാതി ഉയര്‍ന്നതിനാല്‍ ബംഗ്ലാ ഹൗസില്‍നിന്ന് സെന്റ്ജോസഫ്സ് സ്കൂളിലേക്ക് മാറ്റി. സെന്റ് ജോസഫ്സില്‍നിന്നുള്ള മദ്ദളം മത്സരം ബംഗ്ലാഹൗസിലേക്കും മാറ്റി. വേദികളില്‍നിന്ന് വേദികളിലേക്കുള്ള ദൂരമാണ് മത്സരാര്‍ഥികളില്‍ നിന്ന് പരാതിയായി ഉയര്‍ന്നുകേട്ടത്. ഉച്ചതിരിഞ്ഞതോടെ ഭക്ഷണപ്പുരയില്‍ വിഭവങ്ങള്‍ തീര്‍ന്നതും പ്രയാസമുണ്ടാക്കി. മൂന്നാംദിനമായ ശനിയാഴ്ച കുച്ചുപ്പുടി, സംഘനൃത്തം, ഭരതനാട്യം, കോല്‍ക്കളി, വട്ടപ്പാട്ട്, തിരുവാതിര, ഹയര്‍സെക്കന്‍ഡറി നാടകം, കഥകളി സംഗീതം, കഥകളി, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം തുടങ്ങിയവയാണ് പ്രധാനമത്സരങ്ങള്‍. ബിഇഎംപി ഹയര്‍സെക്കന്‍ഡറിയിലെ പ്രധാനവേദിയില്‍ വൈകീട്ട് 5ന് സമാപനസമ്മേളനം നടക്കും. കലോത്സവം ഞായറാഴ്ചയാണ് സമാപിക്കുക.
കലോത്സവത്തിലും 'അവള്‍'



തലശ്ശേരി: റവന്യൂജില്ലാസ്‌കൂള്‍ കലോത്സവത്തിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മൂകാഭിനയത്തിലും ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയെത്തി.

14 ടീമുകള്‍ മത്സരിച്ചതില്‍ മൂന്നു സ്‌കൂളുകള്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഓര്‍മ അരങ്ങിലെത്തിച്ചു.


ഡല്‍ഹി സംഭവവും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും 'വൈശാലി'യിലൂടെ അവതരിപ്പിച്ച തലശ്ശേരി സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം നേടി. മൊബൈല്‍, ഷവര്‍മ എന്നീ ആനുകാലിക വിഷയങ്ങളെല്ലം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.


പൊതുസ്ഥലത്ത് എന്തും വലിച്ചെറിയാനുള്ള പ്രവണതയും ഒപ്പം അതൊക്കെ സ്വന്തമാക്കാനുള്ള ആര്‍ത്തിയും അരങ്ങിലെത്തിച്ച ചെമ്പേരി നിര്‍മല എച്ച്.എസ്.എസ്. സ്‌കിറ്റില്‍ ഒന്നാം സ്ഥാനം നേടി. മയക്കുമരുന്നിന് അടിമയാക്കി ശങ്കരനെ അയല്‍വാസി സുലൈമാന്‍ കശ്മീരിലെത്തിച്ച് തീവ്രവാദിയാക്കുന്നു. പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെടുന്നതാണ് മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ചത്.


കൊല്ലപ്പെട്ട മകന്റെ മൃതദേഹമല്ല രാജ്യമാണ് വേണ്ടതെന്ന് പറയുന്ന ഉമ്മ രാജ്യസ്‌നേഹമാതൃകയായി. മൂകാഭിനയവും സ്‌കിറ്റും നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കളായ ശിവപ്രസാദ്, സുബിന്‍ ജോസ്, വിനീഷ് എന്നിവര്‍ അഭിപ്രായപ്പെട്ടു. ശ്രുതി, താള അഭാവമുണ്ടെങ്കിലും എച്ച്.എസ്.എസ്. ദഫ്മുട്ട് നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍.



തലശ്ശേരി: നഗരം കലോത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. റവന്യുജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച തലശ്ശേരിയില്‍ തിരിതെളിയും. ബുധനാഴ്ചത്തെ മത്സരങ്ങള്‍ ഞായറാഴ്ചയിലേക്ക് മാറ്റിയതിനാല്‍ ആദ്യദിനംതന്നെ കലോത്സവ നൃത്തവേദികള്‍ ഉണരും.

നഗരത്തിലെ 15 വേദികളില്‍ രാവിലെ 10 മണിക്ക് മത്സരം തുടങ്ങും. പ്രധാന വേദിയായ ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.


ആദ്യദിനത്തില്‍ 2239 വിദ്യാര്‍ഥികള്‍ മത്സരിക്കും. രണ്ട് വിദ്യാഭ്യാസ ജില്ലകളില്‍നിന്നായി 91 അപ്പീലുകള്‍ അനുവദിച്ചു.


തലശേരിയില്‍നിന്ന് 48, കണ്ണൂരില്‍ നിന്ന് 43 എന്നിങ്ങനെയാണ് അപ്പീല്‍. കോടതി ഉത്തരവുമായി 10 പേര്‍ മത്സരത്തില്‍ പങ്കെടുക്കും.


രാത്രി എട്ടുമണിക്ക് അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തത്. പതിനേഴ് ഇനങ്ങള്‍ പുതുതായി വരികയും കൂടുതല്‍ പേര്‍ കോടതിവിധിയുമായി എത്തുകയും ചെയ്താല്‍ മത്സരങ്ങള്‍ രാത്രി വൈകാനാണ് സാധ്യത.


പുതുതായി ഉള്‍പ്പെടുത്തിയ ഇനത്തില്‍ ഗസലിലാണ് മത്സരാര്‍ഥികള്‍ ഏറെ. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 28 പേര്‍ മത്സരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.ആര്‍.വസന്തകുമാര്‍ പറഞ്ഞു. ചവിട്ടുനാടകത്തിന് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി നാലുപേര്‍ മത്സരിക്കും. കഥകളി, നാദസ്വരം, പഞ്ചവാദ്യം എന്നിവയ്ക്ക് ഒരു മത്സരാര്‍ഥി മാത്രമാണുള്ളത്.


കാവ്യകേളിക്ക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടും ഹയര്‍സെക്കന്‍ഡറിയില്‍ നാലും പേരാണ് മത്സരിക്കുന്നത്.


ഭരതനാട്യം, നാടോടിനൃത്തം, സംഘനൃത്തം, ദഫ്മുട്ട്, അറബനമുട്ട്, മൂകാഭിനയം, സ്‌കിറ്റ്, ലളിതഗാനം എന്നീ മത്സരങ്ങള്‍ വ്യാഴാഴ്ച നടക്കും. 



കലോത്സവവേദികള്‍ മാലിന്യമുക്തമാക്കാന്‍ 'സീഡ്' സേന



തലശ്ശേരി: പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ദുരിതം സ്‌കൂള്‍ കലോത്സവത്തെ അലട്ടാതിരിക്കാന്‍ 'മാതൃഭൂമി സീഡ്', 'ലവ് പ്ലാസ്റ്റിക്ക്' സേനാംഗങ്ങള്‍ ഒരുങ്ങി. 16 വേദിക്കരികിലും മാലിന്യം ഒഴിവാക്കാനായി സീഡ് അംഗങ്ങള്‍ ഉണ്ടാകും. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തരംതിരിച്ച് പ്രത്യേകം പ്രത്യേകം ശേഖരിക്കും. ഇവ ലവ് പ്ലാസ്റ്റിക്ക് പദ്ധതി പ്രകാരം സംസ്‌കരണത്തിനായി മാറ്റും.

തലശ്ശേരി മേഖലയിലെ നാലു സ്‌കൂളിലെ സീഡ് സേനാംഗങ്ങളാണ് മാലിന്യമുക്ത പരിപാടിക്ക് നേതൃത്വം നല്കുന്നത്. തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹൈസ്‌കൂള്‍, ബി.ഇ.എം. ഹൈസ്‌കൂള്‍, സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍, സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ സീഡ് സേനാംഗങ്ങളാണ് ഇവിടെ ഉണ്ടാവുക. പ്രധാനവേദിക്കരികിലായി പ്രത്യേകം പവലിയനും സീഡിന്റെതായി തുറന്നിട്ടുണ്ട്.


പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഇടാനുള്ള പ്രത്യേകം ബാഗുകള്‍പലയിടത്തായി വെച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് മാലിന്യങ്ങള്‍ ഇതിലിടാം. വ്യാഴാഴ്ചമുതല്‍ കലോത്സവത്തിന്റെ അവസാനനാളുവരെ സീഡ് അംഗങ്ങള്‍ സേവനനിരതരായി രംഗത്തുണ്ടാവും.



ബംഗ്ല മുറ്റത്ത് കലോത്സവപന്തലുയര്‍ന്നു

തലശ്ശേരി: തലശ്ശേരിയിലെ പഴയ തറവാടുകളിലൊന്നായ ബംഗ്ല ഹൗസിന്റെ മുറ്റത്ത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ പന്തല്‍ ഉയര്‍ന്നു. നഗരത്തില്‍ കലോത്സവം നടത്താറുള്ള രണ്ട് വേദികള്‍ ലഭിക്കാതെ വന്നതാണ് ബംഗ്ല കലോത്സവ വേദിയാകാന്‍ കാരണം.

ആദ്യമായാണ് ബംഗ്ല പൊതുപരിപാടിക്ക് വേദിയാവുന്നതെന്ന് നഗരസഭാ കൗണ്‍സിലര്‍ കൂടിയായ വീട്ടുടമ ബംഗ്ല ഷംസു പറഞ്ഞു. 200 വര്‍ഷത്തിലേറെ പഴക്കമുള്ള തറവാട്ടില്‍ തുടക്കത്തില്‍ നൂറിലേറെപ്പേര്‍ താമസിച്ചിരുന്നു. ഇപ്പോള്‍ ഷംസുവും ഉമ്മയും സഹോദരികളുമാണ് താമസം. വീട്ടുമുറ്റത്ത് കലോത്സവ പന്തലുയര്‍ന്നതിന്റെ സന്തോഷത്തിലാണ് ഇവര്‍. എട്ടുവയസ്സുകാരി ഹിബയും ബന്ധുവായ റഷീദും ബുധനാഴ്ച വൈകിട്ട് മുറ്റവും പരിസരവും വൃത്തിയാക്കുകയാണ്. തലശ്ശേരി സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ഹിബ.


തലശ്ശേരി ബി.എഡ്.കോളേജ് കലോത്സവത്തിന് വിട്ടുനല്‍കാത്തത് സംഘാടകരെ ആദ്യം ആശങ്കയിലാക്കി. ഇതിന് പകരമായാണ് പുതിയ വേദി ഒരുക്കിയത്. എം.എഡ്., പി.എച്ച്.ഡി. കോഴ്‌സുകള്‍ തുടങ്ങിയതിനാല്‍ സൗകര്യമില്ലാത്തതിനാലാണ് കോളേജ് അനുവദിക്കാതിരുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. എം.എസ്.ഗീത പറഞ്ഞു. ക്ലാസ്മുറികള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് നലേ്കണ്ടതില്ലെന്ന പി.ടി.എ. തീരുമാനവും ഫര്‍ണിച്ചര്‍ തകരുന്നതും കലോത്സവ വേദിയാക്കുന്നതിന് തടസ്സമായി.


കഴിഞ്ഞതവണ ശാരദാകൃഷ്ണയ്യര്‍ ഓഡിറ്റോറിയം അനുവദിച്ചിരുന്നു. ഇത്തവണ ഓഡിറ്റോറിയം ലഭിച്ചില്ല. ഓഡിറ്റോറിയം നടത്തിപ്പുകാര്‍ ആവശ്യപ്പെട്ട തുക നല്കാന്‍ കഴിയില്ലെന്ന് സംഘാടകര്‍ പറഞ്ഞു.


രണ്ട് പ്രധാന വേദികള്‍ ഇല്ലാതായെങ്കിലും പുതിയ വേദിയിലൂടെ അവ പരിഹരിച്ച് മുന്നേറാനാണ് സംഘാടകരുടെ നീക്കം.


അങ്ങനെ ബംഗ്ല ഹൗസിന്റെ മുറ്റത്തെ പന്തലില്‍ വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച രാവിലെ മുതല്‍ സ്‌കൂള്‍ കലോത്സവ ലളിതഗാനം ആലപിക്കും.


വെള്ളിയാഴ്ച മോണോ ആക്ടും ശനിയാഴ്ച മാപ്പിളപ്പാട്ടും അവതരിപ്പിക്കും.


കണ്ണൂര്‍ ജില്ലാ സ്കൂള്‍ കലോത്സവം

തലശേരി: പതിനാറ്വേദികള്‍. 8284 പ്രതിഭകള്‍. 294 ഇനങ്ങള്‍. ഇനി നാലുനാള്‍ തലശേരിക്ക് കലോത്സവത്തിന്റെ വിസ്മയരാവുകള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരെ വരവേല്‍ക്കാന്‍ ചരിത്രനഗരി ഒരുങ്ങി. വ്യാഴാഴ്ച രാവിലെ പത്തിന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കളിവിളക്ക് തെളിയിക്കുന്നതോടെ കലാമാമാങ്കത്തിന് തിരശീല ഉയരും. ബ്രണ്ണന്‍ സ്കൂളില്‍ ചേരുന്ന ചടങ്ങില്‍ നഗരസഭാചെയര്‍മാന്‍ ആമിനമാളിയേക്കല്‍ അധ്യക്ഷയാവും. കളിയുടെയും കലയുടെയും സാഹിത്യത്തിന്റെയും കളിത്തൊട്ടിലായ പൈതൃകനഗരിയില്‍ ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കലോത്സവം വിരുന്നെത്തുന്നത്. നഗരത്തിന്റെ കണ്ണും കാതും ഇനി ഉത്സവവേദിയിലേക്കാവും. ബ്രണ്ണന്‍, ബിഇഎംപി, സ്റ്റേഡിയം, സേക്രഡ്ഹാര്‍ട്ട്, തലശേരി ഗവ. എല്‍പി, സെന്റ്ജോഫ്സ്, ഒപ്പം ബംഗ്ലഹൗസുമാണ് വേദികള്‍. ആദ്യനാളില്‍ 2016 വിദ്യാര്‍ഥികള്‍ 55 ഇനങ്ങളിലായി മത്സരിക്കാനെത്തും. തലശേരി ഗേള്‍സ് സ്കൂളിലാണ് ഊട്ടുപുര. അപ്പീലുമായി 101 പേരാണ് കലോത്സവത്തിനെത്തും. കോടതി മുഖേന ഇതുവരെയെത്തിയത് പത്തുവിദ്യാര്‍ഥികളാണ്. ബാക്കി 91പേരും ഡിഇഒ മുഖേന വന്നവരാണ്. തലശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്നാണ് കൂടുതല്‍ അപ്പീല്‍-48. കണ്ണൂര്‍ വിദ്യാഭ്യാസജില്ലയില്‍ നിന്ന് 43പേര്‍ അപ്പീലുമായെത്തുന്നുണ്ട്. ഇനിയും കൂടുതല്‍പേര്‍ കോടതി ഉത്തരവുമായി എത്താനുള്ള സാധ്യതയുണ്ട്. ലോകായുക്ത, ഉപഭോക്തൃഫോറം എന്നിവയിലടക്കം പരാതി നല്‍കിയവരുണ്ട്.
 

No comments:

Post a Comment