Sunday, 6 January 2013

News paper



 ആശിഷ് മീഡിയാറൂമിലെ താരം



തലശ്ശേരി: കലോത്സവ നഗരിയിലെ മീഡിയാറൂമില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈ മെയ് മറന്ന് സഹായവുമായി പ്ലസ്ടുക്കാരന്‍ ആശിഷ് രഘുനാഥ്. മമ്പറം എച്ച്.എസ്.എസ്. വിദ്യാര്‍ഥിയായ ആശിഷ് പബ്ലിസിറ്റി കമ്മിറ്റിയിലെ അധ്യാപകരുടെ ആവശ്യപ്രകാരമാണ് മീഡിയാറൂമില്‍ സഹായത്തിനെത്തിയത്.

ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുക്കുന്നതും മാധ്യമപ്രവര്‍ത്തകര്‍ക്ക് കുടിവെള്ളവും ചായയും വിതരണം ചെയ്യുന്നതും കമ്പ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ കൈകാര്യം ചെയ്യുന്നതും ആശിഷ് തന്നെ. എട്ടാംതരം മുതല്‍ 10-ാം തരംവരെ റെഡ്‌ക്രോസില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമാണ് ആശിഷിന്റെ കൈമുതല്‍.


ആശിഷിനൊപ്പം ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികളായ അക്ഷയ്, പ്രണവ്, സരിന്‍ എന്നിവരും മീഡിയാറൂമിലുണ്ട്.
കൗമാരകല കൊടിയിറങ്ങി


തലശ്ശേരി: നാലുദിനംനീണ്ട കൗമാര കലോത്സവത്തിന് തലശ്ശേരിയില്‍ കൊടിയിറങ്ങി. ഏറെ പരാതികള്‍ക്കോ പരിഭവങ്ങള്‍ക്കോ ഇടം നല്‍കാതെയാണ് റവന്യുജില്ലാ കലോത്സവത്തിന് തിരശ്ശീല വീണത്. കലയെ എന്നും പ്രോത്സാഹിപ്പിച്ച തലശ്ശേരി മണ്ണിന്റെ സ്‌നേഹവും സഹകരണവും കലോത്സവത്തിന്റെ വിജയത്തിനുള്ള സോപാനമായി.
മന്നംജയന്തി കാരണം സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടിവന്ന കലോത്സവം പ്രതീക്ഷിച്ചതുപോലെ ഗൗരവതരമായ ആശയക്കുഴപ്പങ്ങളുണ്ടാക്കിയില്ല എന്നതില്‍ സംഘാടകര്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്. രചനാ മത്സരങ്ങളുള്‍പ്പെടെ സമാപനദിനത്തില്‍ നടത്തേണ്ടി വന്നതിനാല്‍ അവസാനദിനത്തില്‍ മത്സരങ്ങളും നീണ്ടു. കലോത്സവങ്ങള്‍ക്കായി സ്ഥിരം ലഭിക്കാറുള്ള രണ്ടുവേദികളായ ബി.എസ്.സെന്ററും ശാരദാ കൃഷ്ണയ്യര്‍ ഓഡിറ്റോറിയവും വിട്ടുകിട്ടിയില്ലെങ്കിലും ബദല്‍ സംവിധാനങ്ങളിലൂടെ പ്രശ്‌നം പരിഹരിച്ചു. നഗരസഭാംഗം ബംഗ്ല ഷംസു തന്റെ വീട്ടുമുറ്റം കലാമത്സരങ്ങള്‍ നടത്താനായി വിട്ടുനല്‍കിയതും വേറിട്ട കാഴ്ചയായി.
ശനിയാഴ്ച ഒഴികെ മറ്റു ദിവസങ്ങളിലെല്ലാം രാത്രി 12 മണിക്കുമുമ്പേതന്നെ മത്സരങ്ങള്‍ അവസാനിപ്പിക്കാനായി. ഭക്ഷണകമ്മിറ്റിയെപ്പറ്റിയും കാര്യമായ പരാതികളൊന്നുമുണ്ടായില്ല. കുട്ടിപ്പോലീസിന്റെ സഹകരണവും എടുത്തുപറയേണ്ടതാണ്.
പുതുതായി ഏര്‍പ്പെടുത്തിയ 15ല്‍പരം ഇനങ്ങള്‍ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. ചവിട്ടുനാടകത്തിനുള്‍പ്പെടെ വന്‍ ജനക്കൂട്ടം ആസ്വാദകരായെത്തി. സമാപനദിവസം ഞായറാഴ്ചയായതിനാല്‍ കുടുംബസമേതം ജനം കൗമാരത്തിന്റെ കലാപ്രകടനം കാണാനെത്തി. ഞായറാഴ്ച വൈകിയും മത്സരങ്ങള്‍ തുടരുകയാണ്. 
 
ആതിരയുടെ വിജയം ഗുരുവിന്റെ സ്മരണയ്ക്ക്‌


തലശ്ശേരി: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ നൃത്തവിജയം സി.കെ.ആതിര അകാലത്തില്‍പൊലിഞ്ഞ തന്റെ ഗുരുവിന് സമര്‍പ്പിച്ചു.
നൃത്താധ്യാപിക തിരുവങ്ങാട് നൃത്താഞ്ജലി നൃത്തവിദ്യാലയത്തിലെ ബേബി ഗീതയ്ക്കാണ് വിജയം സമര്‍പ്പിച്ചത്.
മമ്പറം എച്ച്.എസ്.എസ്. പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ ആതിര നാടോടിനൃത്തത്തില്‍ ഒന്നാംസ്ഥാനം നേടി. തിരുവാതിരയില്‍ ഒന്നാംസ്ഥാനവും ഭരതനാട്യത്തില്‍ എ ഗ്രേഡും നേടി. ബേബി ഗീതയുടെ കീഴിലാണ് നൃത്തപരിശീലനം നടത്തിയത്. ടീച്ചര്‍ കഴിഞ്ഞവര്‍ഷം മരിച്ചു.
 
ചെണ്ടമേളത്തില്‍ ആറാംതവണ

തലശ്ശേരി: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ചെണ്ടമേളത്തില്‍ ആറാംതവണയും മമ്പറം എച്ച്.എസ്.എസ്. മൂന്നുതവണ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടി.


സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി എ.കെ.ഉല്ലാസാണ് കുട്ടികള്‍ക്ക് ഇത്തവണ പരിശീലനം നല്‍കിയത്. ഉല്ലാസിന്റെ അനുജന്‍ ശരതാണ് സംഘത്തെ നയിച്ചത്.
 
വിധികര്‍ത്താവ് മുങ്ങി

തലശ്ശേരി: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വഞ്ചിപ്പാട്ടിന്റെ വിധി കര്‍ത്താവ് മുങ്ങി. വിധികര്‍ത്താവാകാന്‍ കഴിയില്ലെന്ന് പറഞ്ഞ് മുങ്ങിയ ആളെ പിന്നീട് കണ്ടെത്താനായില്ല. ഇയാള്‍ മൊബൈല്‍ ഫോണും ഓഫാക്കി.


ഒടുവില്‍ സംഘാടകര്‍ പുതിയൊരാളെ കണ്ടെത്തി. അതുവരെ ഒന്നര മണിക്കൂര്‍ മത്സരം നടന്നില്ല. ഇത് പ്രതിഷേധത്തിനിടയാക്കി. വഞ്ചിപ്പാട്ടിന്റെ വിധി പ്രഖ്യാപനത്തെക്കുറിച്ചും പരാതി ഉയര്‍ന്നു.


കലോത്സവത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഇനമാണ് വഞ്ചിപ്പാട്ട്.

No comments:

Post a Comment